View in English

വള്ളുവനാട്ടിലെ പ്രകൃതി

കാലാവസ്ഥ

ഉഷ്ണമേഖലാപ്രദേശത്തായ വള്ളുവനാട്ടില്‍ ഏറെക്കുറേ സന്തുലിത താപനിലയാണ് അനുഭവപ്പെടുന്നത്. പശ്ചിമഘട്ടത്തിലെ പാലക്കാടന്‍ വിടവിലൂടെ കോയമ്പത്തൂര്‍ ഭാഗത്ത് നിന്നുള്ള ചുടുകാറ്റ് വേനല്‍ക്കാലത്ത് വള്ളുവനാട്ടില്‍ എത്തുന്നു. വര്‍ഷക്കാലത്ത് പ്രദേശത്താകെ സന്തുലിതമായ മഴ ലഭിക്കുന്നു. വള്ളുവനാട്ടിലെ ഭൂരിഭാഗം പ്രദേശങ്ങളും മലനിലരകള്‍ ആണെങ്കിലും കാര്‍ഷികാവശ്യത്തിന് ഉപയോഗിക്കപ്പെടുന്നു. വേനല്‍ക്കാലത്ത് കൂടിയ താപനില 41° സെല്‍ഷ്യസ് വരേയും, വര്‍ഷകാലത്ത് കുറഞ്ഞ താപനില 18° സെല്‍ഷ്യസ് വരേയും എത്താറുണ്ട്. ഈ താപനിലയ്ക്ക് പുറത്ത് നില്‍ക്കുന്നത് വള്ളുവനാടിന്റെ വടക്ക് കിഴക്കന്‍ പ്രദേശം ആയ സൈലന്റ് വാലി മാത്രമാണ്. ലോകത്തിലെ അപൂര്‍വ്വമായ മഴക്കാടുകളില്‍ ഒന്നായ സൈലന്റ് വാലി പ്രദേശത്ത് വേനല്‍ക്കാലത്ത് താപനില 21° സെല്‍ഷ്യസ് വരേ മാത്രമേ എത്താറുള്ളു എങ്കിലും, തണുപ്പുകാലത്ത് താപനില 3° സെല്‍ഷ്യസ് വരെ താഴാറുണ്ട്.


സസ്യങ്ങള്‍

കിഴക്ക് നിന്നും പടിഞ്ഞാട്ട് പോകുംതോറും വള്ളുവനാട്ടിലെ ഭൂമിശാസ്ത്രത്തിലും മണ്ണിന്റെ സ്വഭാവത്തിലും പ്രകടമായ മാറ്റങ്ങള്‍ ദര്‍ശിക്കാനാകും. വര്‍ഷക്കാലവും സന്തുലിത താപനിലയും കിഴക്കന്‍ അതിര്‍ത്തിയില്‍ ഉള്ള മലനിരകളും മൂലം ഉഷ്ണമേഖലയില്‍ കാണപ്പെടുന്ന സസ്യങ്ങള്‍ ആണ് വള്ളുവനാട്ടില്‍ ഏറെയും ഉള്ളത്. അതില്‍ തന്നെ കൂടുതലായും കാണാവുന്നത് തെങ്ങ്, വാഴ, മാവ്, കശുമാവ്, പ്ലാവ്, മുള എന്നിവയാണ്. മലമ്പ്രദേശങ്ങളില്‍ റബ്ബര്‍, തേക്ക് എന്നിവയും, തീരദേശപ്രദേശങ്ങളില്‍ തെങ്ങും വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്ത് വരുന്നു. നിരപ്പായ പ്രദേശങ്ങള്‍ പൊതുവെ നെല്‍കൃഷിയ്ക്ക് ആണ് ഉപയോഗിക്കുന്നത്. തരിശ് ഭൂമി ഈ പ്രദേശങ്ങളില്‍ താരതമ്യേന വളരെ കുറവാണ്. 9000 ഹെക്ടറോളം പരന്ന് കിടക്കുന്ന സൈലന്റ് വാലി പ്രദേശത്തെ നിബിഢ വനങ്ങള്‍ അത്യപൂര്‍വങ്ങളായ സസ്യങ്ങളാലും ജീവികളാലും സമ്പുഷ്ടമാണ്.


മൃഗങ്ങള്‍

ഈ പ്രദേശത്ത് മാത്രമായി കാണപ്പെടുന്ന മൃഗങ്ങള്‍ ഒന്നും തന്നെ ഇല്ല. വനമേഖലയില്‍ എല്ലായിടത്തും ആനകളെ യഥേഷ്ടം കാണാവുന്നതാണ്. പുലി, കടുവ, കരടി, തുടങ്ങിയവ കൊടുംവനങ്ങളില്‍ വിഹരിക്കുന്നു. മ്ലാവ്, മാന്‍, പുള്ളിമാന്‍ തുടങ്ങിയവ ചെറിയ കാടുകളിലും ഉണ്ട്. കരിങ്കുരങ്ങ്, തൊപ്പിക്കുരങ്ങ്, കുട്ടിത്തേവാങ്ങ്, കാട്ട്പൂച്ച, പല തരത്തിലുള്ള കീരികള്‍, കുറുക്കന്‍, മുയല്‍, തുടങ്ങിയ ജീവികളും ഉണ്ട്. പക്ഷികളില്‍ ബലിക്കാക്ക, തേന്‍കിളി, മയില്‍, പരുന്ത് തുടങ്ങിയവ സാധാരണയായി വനങ്ങളിലും, കാക്ക, പ്രാവ്, കുരുവി, മരംകൊത്തി, പൊന്‍മാന്‍, തത്ത, മൈന തുടങ്ങിയവ മറ്റ് പ്രദേശങ്ങളിലും കണ്ട് വരുന്നു. വിഷം ഉള്ളതും അല്ലാത്തതും ആയ പാമ്പുകള്‍ പ്രദേശത്താകെയുണ്ട്.