View in English

വള്ളുവനാടന്‍ സംസ്കാരം

എടുത്ത് പറയപ്പെടേണ്ടുന്ന സാംസ്കാരിക പാരമ്പര്യമുള്ള പ്രദേശമാണ് വള്ളുവനാട്. ഹരിതാഭമായ പ്രകൃതി രമണീയതയും അനേകം കലാരൂപങ്ങളും ആയിരങ്ങളെ ഈ പ്രദേശത്തേക്ക് ആകര്‍ഷിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്നു. കഥകളി, കൈകൊട്ടിക്കളി, തിരുവാതിരക്കളി, തുമ്പിതുള്ളല്‍, തോല്‍പ്പാവക്കൂത്ത്, കര്‍ണ്ണാടക സംഗീതം, മേളം, തായമ്പക, പഞ്ചവാദ്യം തുടങ്ങിയവ ഒരു വള്ളുവനാടന്റെ ജീവിതത്തിലെ ഒരു ഭാഗം തന്നെയാണ്. നല്ല ഉന്മേഷത്തോടെയും സൗഹൃദത്തോടെയും ആഘോഷിക്കപ്പെടുന്ന ഉത്സവങ്ങള്‍ പലതിലും തനതായ ചില കലാരൂപങ്ങള്‍ അവതരിപ്പിക്കാറുണ്ട്. മതപരമായ ഉത്സവങ്ങള്‍ ആയ പൂരം, നേര്‍ച്ച, വേല, അയ്യപ്പന്‍ വിളക്ക് തുടങ്ങിയവയും ആഘോഷങ്ങള്‍ ആയ ഓണം, വിഷു, പെരുന്നാള്‍, കൃസ്തുമസ് തുടങ്ങിയവയും അത്യധികം മതസൗഹാര്‍ദ്ദത്തോടെ വള്ളുവനാട്ടില്‍ ആഘോഷിക്കപ്പെടുന്നു. ഇത്തരം ഉത്സവങ്ങളേക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ ഉത്സവങ്ങള്‍ എന്ന പേജ് സന്ദര്‍ശിക്കുക.

ക്ഷേത്രങ്ങള്‍ വള്ളുവനാടിന്റെ ഭംഗി കൂട്ടുന്നു. പുരാതനക്ഷേത്രങ്ങളിലെ ചില ചിത്രങ്ങളും കൊത്തുപണികളും വള്ളുവനാട്ടിലെ കലാകാരന്‍മാരുടെ കഴിവ് തെളിയിക്കുന്ന ഉത്തമോദാഹരണങ്ങള്‍ ആണ്. നാനാജാതിയിലും മതത്തിലും വിഭാഗത്തിലും പെട്ട വ്യക്തികള്‍ സൗഹാര്‍ദ്ദത്തോടെയും അത്യധികം സമാധാനത്തോടെയും വസിക്കുന്നത് കാണുന്നത് തന്നെ മനോഹരം ആണ്. വള്ളുവനാട്ടിലെ ജനസംഖ്യയില്‍ ഹിന്ദുക്കളും മുസ്ലീമുകളും ഏകദേശം തുല്യമായി വിഭജിക്കപ്പെട്ടിരിക്കുന്നു. കൃസ്ത്യാനികള്‍ ഉണ്ടെങ്കിലും ന്യൂനപക്ഷം ആണ്. വള്ളുവനാടിന്റെ കിഴക്ക് ഭാഗം ഹിന്ദുക്കളും, പടിഞ്ഞാറ് ഭാഗം മുസ്ലീമുകളും ആണ് കൂടുതല്‍. എങ്കിലും, ഈ രണ്ട് വിഭാഗങ്ങള്‍ തമ്മിലും ഉള്ള ബന്ധം സുദൃഢവും സൗഹാര്‍ദ്ദപരവും ആണ്. വള്ളുവനാടിന്റെ സാംസ്കാരിക പെരുമയില്‍ രണ്ട് വിഭാഗങ്ങള്‍ക്കും നല്ല പങ്കുണ്ട്.


ജീവിതരീതി

വ്യക്തികളുടെ ജീവിതവരുമാനമാര്‍ഗ്ഗത്തെക്കുറിച്ച് പറയുമ്പോള്‍ വിദേശനാണ്യത്തിന് മുഖ്യ പങ്കള്ളതായി കാണാം. തൊഴിലിനായി വിദേശരാജ്യങ്ങള്‍ തേടിപ്പോകുന്ന പ്രവണത പട്ടാമ്പി, പെരിന്തല്‍മണ്ണ, ചെര്‍പ്പുളശ്ശേരി, പൊന്നാനി, തുടങ്ങിയ ഭാഗങ്ങളില്‍ കൂടുതല്‍ ആണ്. ഈ പ്രദേശങ്ങളിലെ വികസനത്തിലും വിദേശനാണ്യം നല്ലൊരു പങ്ക് വഹിക്കുന്നു. ഈ പ്രദേശത്തുള്ള മറ്റ് പ്രധാന വരുമാനമാര്‍ഗ്ഗങ്ങളില്‍ കൃഷി, മത്സ്യബന്ധനം, സ്വയം തൊഴില്‍ ഉള്‍പ്പെടെയുള്ള വ്യാപാരങ്ങള്‍ തുടങ്ങിയവയാണ് മുമ്പില്‍. കൃഷിചെയ്ത് ജീവിക്കുന്നവരില്‍ മുഖ്യപങ്കും റബ്ബര്‍തോട്ടങ്ങള്‍, തെങ്ങിന്‍തോപ്പുകള്‍, തുടങ്ങി ഏക്കര്‍ കണക്കിന് സ്ഥലത്ത് കൃഷി ഉള്ളവര്‍ ആണ്. നെല്‍കൃഷി ലാഭകരമല്ലാത്തനിനാല്‍ നെല്‍കൃഷി നടത്തുന്ന മിക്ക കര്‍ഷകര്‍ക്കും മറ്റ് വരുമാന മാര്‍ഗങ്ങള്‍ ഉണ്ടായിരിക്കും. തീരദേശത്ത് വസിക്കുന്നവരില്‍ 70 ശതമാനം പേര്‍ക്കും മത്സ്യബന്ധനം തന്നെയാണ് പ്രധാന വരുമാനമാര്‍ഗം. മത്സ്യബന്ധനവുമായി നേരിട്ട് ബന്ധം ഇല്ലെങ്കിലും ധാരാളം പേര്‍ മത്സ്യവില്‍പനയിലൂടെ ജീവിക്കുന്നു. ഗ്രാമീണ മേഖലയില്‍ ഒട്ടുമിക്ക കുടുംബങ്ങളും പശു, കോഴി, ആട് തുടങ്ങിയ മൃഗങ്ങളെ ജീവിതമാര്‍ഗമായോ നേരമ്പോക്കിനോ വളര്‍ത്തുന്നു.

സ്വയം തൊഴില്‍ ചെയ്യുന്ന വിഭാഗത്തില്‍ ഏറിയ പങ്കും ചെറിയ വ്യാപാര സ്ഥാപനങ്ങള്‍, ഓട്ടോറിക്ഷകള്‍, ടാക്സികള്‍ തുടങ്ങിയവ നടത്തുന്നു. ഈ പ്രദേശത്തെ തൊഴില്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളിലും, സ്വകാര്യ കടകളിലോ വ്യാപാര സ്ഥാപനങ്ങളിലോ പരിമിതമാണ്. വള്ളുവനാട് പ്രദേശം ഒരു മികച്ച വ്യാപാര മേഖലയാണെന്ന് പറയാനാകില്ല. ഇവിടെ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളില്‍ ഏറിയ പങ്കും ഇവിടെ തന്നെ വ്യാപാരം ചെയ്യുന്നവര്‍ ആണ്. വിരലിലെണ്ണാവുന്ന സ്ഥാപനങ്ങള്‍ മാത്രമേ കയറ്റൂമതിയോ അന്ത:സംസ്ഥാന വ്യാപാരമോ നടത്തുന്നുള്ളു. മേഖലയില്‍ റിയല്‍ എസ്റ്റേറ്റ് വ്യാപാരം നല്ല രീതിയില്‍ പുരോഗമിച്ച് വരുന്നതായി കാണുന്നു. റിയല്‍ എസ്റ്റേറ്റ് വ്യാപാരം ഈ പ്രദേശത്തെ സാമ്പത്തിക സ്ഥിതി പൂര്‍ണ്ണമായും നിയന്ത്രിക്കുന്ന കാലം വിദൂരമല്ല. അധികം വികസനം എത്തിയിട്ടില്ലാത്ത പ്രദേശങ്ങളിലും വിദൂര കുന്നുമ്പുറങ്ങളിലും എല്ലാം ഏക്കറുകണക്കിന് സ്ഥലത്ത് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ ആയി ആരംഭിച്ച സ്വകാര്യ മെഡിക്കല്‍ / എന്‍ജിനീയറിങ്ങ് കോളേജുകള്‍ വിദൂരപ്രദേശങ്ങളിലും റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഉണര്‍വേകി. സ്ഥലത്തിന്റെ വില കുറച്ച് നാളുകളായി കൂടിക്കൊണ്ടിരിക്കുന്നു. സ്ഥലകച്ചവടം നടത്തി ജീവിക്കുന്നവരും കുറവല്ല. ഈയിടെയായി പ്രധാന പട്ടണങ്ങളില്‍ ആരംഭിച്ച ഷോപ്പിങ്ങ് മാളുകള്‍ ഉയര്‍ന്ന ജീവിത നിലവാരം പുലര്‍ത്തുന്ന കുടുംബങ്ങളുടെ വ്യാപാര രീതിയെ തന്നെ മാറ്റുകയും, പലരും രാത്രികാല ഷോപ്പിങ്ങിന് കൂടുതലായി താത്പര്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു.