View in English

വള്ളുവനാട്ടിലെ യാത്ര

റെയില്‍

വള്ളുവനാട്ടിലൂടെ 167 കിലോമീറ്റര്‍ റെയില്‍പാത ഉണ്ടെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. വള്ളുവനാട്ടിലൂടെ കടന്ന് പോകുന്ന റെയില്‍പാതകള്‍ എല്ലാം ബ്രോഡ് ഗേജും പാലക്കാട് ഡിവിഷന്റെ കീഴില്‍ ഉള്ളതും ആണ്. ഷൊര്‍ണ്ണൂര്‍ മുതല്‍ മങ്കര റെയില്‍വേ സ്റ്റേഷന്‍ വരേയുള്ള 36 കിലോമീറ്റര്‍ മാത്രമേ വൈദ്യുതീകരിച്ച റെയില്‍പ്പാതയുള്ളു. ഷൊര്‍ണ്ണൂര്‍ - പാലക്കാട് പാതയും ഷൊര്‍ണ്ണൂര്‍ - തൃശ്ശൂര്‍ പാതയും വൈദ്യുതീകരിച്ച രണ്ട് വരി ഗതാഗത റെയില്‍പാതയാണ്. ഷൊര്‍ണ്ണൂര്‍ - നിലമ്പൂര്‍ പാത ഒറ്റവരിയും വൈദ്യുതീകരിക്കാത്തതും ആണ്. ഷൊര്‍ണ്ണൂര്‍ - കോഴിക്കോട് റെയില്‍പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായെങ്കിലും വൈദ്യുതീകരണം നടന്ന് കൊണ്ടിരിക്കുന്നു. വള്ളുവനാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷന്‍ ഷൊര്‍ണ്ണൂര്‍ ജങ്ക്ഷന്‍ ആണ്. 4 ദിക്കിലേക്കുള്ള പാതകള്‍ കൂടിച്ചേരുന്നതാണ് ഷൊര്‍ണ്ണൂര്‍ ജങ്ക്ഷന്‍ - പാലക്കാട്, കോഴിക്കോട്, തൃശ്ശൂര്‍, നിലമ്പൂര്‍.


റോഡ്

പാലക്കാട്, മലപ്പുറം ജില്ലകളില്‍ ആയി കിടക്കുന്നതിനാല്‍ വള്ളുവനാട്ടിലൂടെ കടന്ന് പോകുന്ന റോഡിന്റെ ദൂരം കൃത്യമായി ലഭ്യമല്ല. എങ്കിലും, 234 കിലോമീറ്റര്‍ ദേശീയപാതയടക്കം 2000 കിലോമീറ്ററില്‍ കൂടുതല്‍ റോഡ് ഈ പ്രദേശത്ത് കൂടെ കടന്ന് പോകുന്നുണ്ട് എന്ന് കണക്കാക്കപ്പെടുന്നു. പന്‍വേല്‍ - കന്യാകുമാരി NH66 (പഴയ NH17), പാലക്കാട് - മണ്ണാര്‍ക്കാട് - പെരിന്തല്‍മണ്ണ - കോഴിക്കോട് NH966 (പഴയ NH213) എന്നിവയാണ് ഈ പ്രദേശത്ത് കൂടി കടന്ന് പോകുന്ന രണ്ട് പ്രധാന ദേശീയ പാതകള്‍. പൊന്നാനി, കുറ്റിപ്പുറം, വളാഞ്ചേരി തുടങ്ങിയവയാണ് NH66 കടന്ന് പോകുന്ന പാതയിലെ പ്രധാന സ്ഥലങ്ങള്‍.